സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ (Petrol) ലിറ്ററിന് അഞ്ച് രൂപയും ഡീസൽ (Diesel) ലിറ്ററിന് 10 രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. നാളെ മുതലായിരിക്കും ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തിൽ വരിക.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.