കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാവരിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയിലെ ഏറ്റവും പ്രധാന വാണിജ്യ നഗരമായ ഷാങ്ഹായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമായ ഷാങ്ഹായ് ഡിസ്‌നിലാന്‍ഡിലെത്തിയ സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 33863 സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് അധികൃതര്‍ പൂട്ടി.
ചൈനയിലെ ഹാങ്ഷുവില്‍ നിന്നുള്ള സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ടും ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാര്‍ക്കില്‍ രോഗിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കൂടുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് പാര്‍ക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പാര്‍ക്കിനകത്ത് കയറുന്നതിന് മുന്‍പ് മുഴുവന്‍ സഞ്ചാരികളും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനിടയിലാണ് ഒരാള്‍ക്ക് കൊറോണ ഉള്ളതായി സ്ഥിരീകരിച്ചത്.
ഇതോടെയാണ് പാര്‍ക്ക് രണ്ട് ദിവസത്തേക്ക് അടച്ചിടുകയാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നുമുള്ള അറിയിപ്പ് അധികൃതരില്‍ നിന്നുമുണ്ടായത്. പരിശോധന കഴിഞ്ഞ ദിവസം രാത്രി വരെ നീണ്ടു. ഇതോടെ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഡിസ്നിലാന്‍ഡില്‍ കുടുങ്ങിക്കിടക്കുന്നത്. നെഗറ്റീവ് പരിശോധനാഫലം കിട്ടിയാല്‍ മാത്രമേ ഇവര്‍ക്ക് പാര്‍ക്കില്‍ നിന്ന് പുറത്ത് കടക്കാനാകൂ.