2012 ന് ശേഷം ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരിക്കുന്നു. ടീം തിരഞ്ഞടുപ്പിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാണിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പടയിറങ്ങാന്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ ലോകകപ്പിലുണ്ടായ വീഴ്ചയ്ക്ക് പിന്നിലെ രണ്ട് കാരണങ്ങള്‍ നിരത്തിയിരിക്കുകയാണ് ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍.
“താരങ്ങളില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ ആറ് മാസത്തോളമായി ബയോ ബബിളിലാണ്. വീടുകളിലേക്ക് പോലും മടങ്ങാനായിട്ടില്ല. ഐപിഎല്‍ പ്രതിസന്ധിയിലായപ്പോള്‍ ചെറിയ ഇടവേള ലഭിച്ചു. പക്ഷെ ഐപിഎല്ലും ലോകകപ്പും തമ്മില്‍ ഇടവേള ലഭിച്ചിരുന്നെങ്കില്‍ അത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സാഹായിക്കുമായിരുന്നു,” അരുണ്‍ വ്യക്തമാക്കി. മറ്റൊരു കാരണമായി അരുണ്‍ ചൂണ്ടിക്കാണിക്കുന്നത് ടോസ് ആണ്.
“ടോസ് വളരെ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ടോസ് ഒരു പ്രത്യാഘാതം ഉണ്ടാക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നു. ടോസ് ന്യായമല്ലാത്ത മുന്‍തൂക്കമാണ് നല്‍കുന്നത്. ആദ്യവും രണ്ടാമതും ബാറ്റ് ചെയ്യുന്നത് തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ടാകുന്നു,” ഭരത് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. നമീബിയയാണ് എതിരാളികള്‍. ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ ആധികാരികമായി പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അസ്തമിച്ചിരുന്നു. മത്സരഫലം മറിച്ചായിരുന്നെങ്കില്‍ നമീബിയയെ കീഴടക്കി വിരാട് കോഹ്ലിക്കും സംഘത്തിനും സെമിയിലേക്ക് മുന്നേറാമായിരുന്നു.