ഗോവ-മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. തുലാവര്‍ഷ സീസണില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദമാണിത്. കൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇത് പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറില്‍ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മണിക്കൂറില്‍ 40കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പ്. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാപകമായ മഴയ്ക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്ക് ആന്‍ഡമാനില്‍ രൂപപ്പെട്ട ന്യൂനമര്‍ദം, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് നവംബര്‍ 18 ഓടെ മധ്യ പടിഞ്ഞാറ്-തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍കടലിലെത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് കരതൊടാന്‍ സാധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരത്ത് നവംബര്‍ 16 നും, വടക്കന്‍ കേരള തീരത്ത് നവംബര്‍ 16 വരെയും, കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.