ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മദ്യവില്‍പന പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വില്‍പന കേന്ദ്രങ്ങള്‍. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്.
ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകള്‍ അടക്കം 850 എണ്ണം ഓപ്പണ്‍ ടെണ്ടര്‍ വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിനായി സര്‍ക്കാരിന്റെ അധീനതയിലുണ്ടായിരുന്ന 600 ചില്ലറ മദ്യവില്പനശാലകള്‍ക്ക് ഇന്നലെ രാത്രിയോടെ അടച്ച് പൂട്ടുകയായിരുന്നു.
നഗരത്തിലുടനീളമുള്ള 32 സോണുകളില്‍ ഇത്തരത്തില്‍ പുതിയ മദ്യശാലകള്‍ ആരംഭിച്ചു. ഒരു റീട്ടെയില്‍ ലൈസന്‍സിക്ക് ഓരോ സോണിലും 27 മദ്യശാലകള്‍ ഉണ്ടായിരിക്കും. 350 ഓളം കടകള്‍ക്കാണ് നിലവില്‍ പ്രൊവിഷണല്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്, വ്യാപാര ലൈസന്‍സികള്‍ക്കൊപ്പം 200ലധികം ബ്രാന്‍ഡുകളുടെ രജിസ്‌ട്രേഷനും നടത്തി. റസ്റ്റോറന്റുകളില്‍ മദ്യം കുപ്പികളില്‍ നിറച്ച് വില്‍പന നടത്താനും പുതിയ എക്‌സൈസ് നയത്തില്‍ അനുമതിയുണ്ട്.
ഇവിടെ മദ്യം ഗ്ലാസുകളിലോ ഫുള്‍ ബോട്ടിലുകളിലോ നല്‍കുമെന്നും ഒരു കുപ്പിയും പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നത് ലൈസന്‍സിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തമാണെന്നും നയത്തില്‍ പറയുന്നു. പുതിയ രീതി നിലവില്‍ വന്ന ഇന്നു തന്നെ മദ്യത്തിന്റെ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ ബ്രാന്‍ഡുകളിലായി ഒമ്ബത് ലക്ഷം ലിറ്റര്‍ മദ്യം സംഭരിച്ചിട്ടുണ്ട്.