കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന’പുനീത് നമന’ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലൂടെയും ബൊമ്മെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.
കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി ആരാധകരും രാഷ്ട്രിയ പ്രവര്‍ത്തകരും സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ‘കര്‍ണാടക രത്‌ന’ പുരസ്‌ക്കാരം. ഈ ബഹുമതി ലഭിക്കുന്ന പത്താമത്തയാളാണ് പുനീത്.
വീരേന്ദ്ര ഹെഗ്ഗഡെക്കാണ് ഈ പുരസ്‌ക്കാരം 2009 ല്‍ അവസാനമായി നല്‍കിയത്. കന്നഡ സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. 1992ല്‍ രാജ്കുമാറിനും പുരസ്ക്കാരം ലഭിച്ചിരുന്നു. ഒക്‌ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ് കുമാറിന്റെ അന്ത്യം. 46 വയസായിരുന്നു. ജിമ്മില്‍ വച്ച് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.