അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. അനുപമയുടെ അമ്മയടക്കമുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായ ഷിജുഖാനെ സംരക്ഷിച്ച് സി.പി.എം നേതൃത്വം രംഗത്തുവന്നു.
ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍, ഉന്നതരുടെ പേരുകള്‍ പുറത്തുവരുമെന്ന ഭയത്തിലാണ് പാര്‍ട്ടി ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അനുപമ.
ഷിജുഖാന്‍ മാത്രമാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അനുപമയുടെ വാദം. ശിശുക്ഷേമ സമിതിക്ക് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുംവരെ പ്രതിഷേധം തുടരുമെന്നും സമര രീതി മാറ്റുന്നതിനെകുറിച്ച് സമരസമിതി അംഗങ്ങളോട് കൂടി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അനുപമ വ്യക്തമാക്കി.