കേരളത്തില്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് കൂട്ടിയെന്നും അതിനാല്‍ പുതിയ നിരക്ക് പ്രകാരം വീട്ടിലെ ബില്‍ കണക്കുകൂട്ടുന്ന രീതി മനസ്സിലാക്കണമെന്നും വിശദീകരിക്കുന്ന പോസ്റ്റ് വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നുണ്ട്.
ഇതിലെ വസ്തുതയറിയാം:
പ്രചാരണം : പുതിയ വൈദ്യുത നിരക്ക് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നമ്മുടെ വീട്ടിലെ വൈദ്യുത ബില്‍ കണക്കുകൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഉപയോഗം 200 യൂനിറ്റ് ആണെങ്കില്‍ 1,220 രൂപ അടക്കേണ്ടി വരും. 201 യൂനിറ്റ് ആണെങ്കില്‍ 1,467 രൂപ അടക്കണം. 247 രൂപയാണ് വ്യത്യാസം. കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചും മറ്റും ദിവസം ഒരു യൂനിറ്റ് വീതം കുറക്കാന്‍ സാധിച്ചാല്‍ 630 രൂപയില്‍ ബില്‍ പിടിച്ചുനിര്‍ത്താം (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ നിന്ന്).
വസ്തുത : സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഏറ്റവും ഒടുവില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് 2019 ജൂലൈയിലാണ്. പ്രസ്തുത സന്ദേശത്തില്‍ വൈദ്യുതി നിരക്ക് കണക്കാക്കിയിരിക്കുന്ന രീതിയും തെറ്റാണ്.
കെ എസ് ഇ ബിയുടെ വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയെപ്പറ്റി സംശയമുണ്ടെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലെ Eletcrictiy Bill Calculator – https://www.kseb.in/bill_calculator_v14/ എന്ന ലിങ്കില്‍ സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്. മാന്യ ഉപഭോക്താക്കള്‍ വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും കെ എസ് ഇ ബി അറിയിച്ചു.