കെ.റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കല്ലിടാനെത്തിയവരെ തടഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനൊന്നുപേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചാത്തന്നൂര്‍ കാരംകോട് വിമല സ്കൂളിനുപടിഞ്ഞാറായിരുന്നു സംഭവം. ചാത്തന്നൂര്‍ ഏറം എബനേസറില്‍ സൈമണ്‍ തോമസിന്റെ വീട്ടുവളപ്പില്‍ ഉദ്യോഗസ്ഥസംഘം കല്ലിടാനെത്തിയപ്പോള്‍ കെ-റെയില്‍ വിരുദ്ധ ജനകീയസമിതിയും വീട്ടുകാരും പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരിക്കുകയായിരുന്നു.
ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയെങ്കിലും ഇവര്‍ പിന്തിരിയാന്‍ തയ്യാറായില്ല. തുടര്‍ന്ന കെ-റെയില്‍ അധികൃതര്‍ ഡെപ്യൂട്ടി കളക്ടറുമായി ബന്ധപ്പെട്ടു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) എഫ്.റോയ്‌കുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി വീട്ടുകാരുമായും കെ-റെയില്‍ വിരുദ്ധസമിതിയുമായും ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശപ്രകാരം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിലായവരെ വൈകീട്ടോടെ ജാമ്യത്തില്‍ വിട്ടു.