ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് സംവിധായകന് രാജമൗലി. ഇപ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലെത്തിയെന്നും തെലുങ്കാനയില്‍ വരെ ആരാധകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജമൗലി.
‘ആര്‍ആര്‍ആര്‍’ ഒരു ചരിത്ര സിനിമയല്ല. രണ്ടു സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ചിത്രമെന്ന് രാജമൗലി പറഞ്ഞു. അല്ലൂരി സീതാറാം രാജു, ഹൈദരാബാദ് നൈസാമിനെതിരെ പൊരുതിയ കോമാരം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. വിസ്മയക്കാഴ്ചകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ബാഹുബലിയുമായി സാമ്യം ഉണ്ടാകില്ലെന്ന് രാജമൗലി പറയുന്നു.
രാം ചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം 2022 ജനുവരി ഏഴിന് തീയേറ്ററുകളിലെത്തും. കേരളത്തിലെ വിതരണം ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സാണ്. 450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്ബ് തന്നെ 325 കോടി നേടിക്കഴിഞ്ഞു.
ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം. സീ 5,നെറ്റ്ഫ്ലിക്സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്ബനികളാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ആര്‍ആര്‍ആറി’ന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.