പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞുകെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിയായ മുത്തുകുമാര്‍ എന്ന 44 കാരനാണ് അറസ്റ്റിലായത്. അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോയമ്ബത്തൂര്‍ ശരവണംപെട്ടി യമുനാനഗറില്‍ വെള്ളിയാഴ്ചയാണ് 14 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്.
നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍. പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോയമ്ബത്തൂര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇ എസ് ഉമ വ്യക്തമാക്കി. അമ്മയും സഹോദരിയും ജോലിക്കു പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 11നാണ് കാണാതായത്.
പെണ്‍കുട്ടിക്ക് ഒരാളുമായി അടുപ്പമുണ്ടെന്നും, ഇയാള്‍ക്കൊപ്പം സ്വര്‍ണാഭരങ്ങളുമെടുത്ത് പെണ്‍കുട്ടി ഒളിച്ചോടിയതാണെന്നും പ്രതി പറഞ്ഞു പരത്തിയിരുന്നു. ശരവണംപെട്ടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പ്രതിയായ മുത്തുകുമാര്‍. ഭാര്യയും രണ്ടു കുട്ടികളും ഇയാള്‍ക്കൊപ്പമുണ്ട്.
എട്ടുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന, മരിച്ച കുട്ടിയുടെ അമ്മയുമായി ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ തന്റെ പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങാനായി, രണ്ടര പവന്റെ പഴയ സ്വര്‍ണാഭരണവും അരലക്ഷം രൂപയും മുത്തുകുമാറിനെ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഈ പണം പ്രതി ദുര്‍വ്യയം ചെയ്തു നശിപ്പിച്ചു. പിന്നീട് പണവും സ്വര്‍ണവും ചോദിച്ചപ്പോള്‍ ഉടന്‍ തിരികെ നല്‍കാമെന്ന് മുത്തുകുമാര്‍ പറഞ്ഞു. ഡിസംബര്‍ 11ന് അമ്മയും സഹോദരിയും ജോലിക്ക് പോയ സമയത്ത് മുത്തുകുമാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും,
സ്വര്‍ണാഭരണം തിരികെ നല്‍കിയതായി അമ്മയെ അറിയിക്കാനും ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഇപ്രകാരം വിവരം അമ്മയെ അറിയിച്ചു. തുടര്‍ന്ന് സ്വര്‍ണം വാങ്ങാനായി തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം വീട്ടിലെത്തിയ പെണ്‍കുട്ടിയെ മുത്തുകുമാര്‍ ബലാത്സംഗത്തിന് ശ്രമിച്ചു.
കുതറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ തലയണ കൊണ്ട് മുഖത്ത് അമര്‍ത്തിയും ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയും ബോധം കെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും കയര്‍കൊണ്ട് വരിഞ്ഞുകെട്ടി പ്ലാസ്റ്റിക് ചാക്കിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണ് ശിവാനന്ദപുരം യമുനാ നഗറില്‍ മാലിന്യം തള്ളുന്നിടത്തു പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ട് പൊലീസ് പരിശോധിച്ചപ്പോള്‍ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.