Breaking News

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്‍ശന്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന സിനിമ ലോക്ക്ഡൗണും കൊറോണയുമൊക്കെ കാരണം രണ്ട് വര്‍ഷം കഴിഞ്ഞാണ് തീയേറ്ററിലെത്തിയത്. ഏറെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സിനിമയുടെ റിലീസ്. നേരത്തെ ചിത്രം ഒടിടിയിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.

എന്നാല്‍ മന്ത്രി സജി ചെറിയാനടക്കം ഇടപെട്ടാണ് മരക്കാറിനെ തീയേറ്ററില്‍ തന്നെ എത്തിച്ചത്. വന്‍ സ്വീകരകണമായിരുന്നു ആരാധകര്‍ മരക്കാറിന് നല്‍കിയത്. പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോകളുടെ എണ്ണം ആയിരം കടന്നിരുന്നു. എന്നാല്‍ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് മോശം പ്രതികരണങ്ങളായിരുന്നു മരക്കാറിന് ആദ്യ ദിവസം മുതല്‍ ആരാധകരില്‍ നിന്നും ലഭിച്ചത്.

കഴിഞ്ഞ ദിവസം സിനിമ ആമസോണ്‍ പ്രൈമിലൂടെ ഒടിടിയിലുമെത്തിയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലെങ്ങും മരക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. സിനിമയുടെ തിരക്കഥ മുതല്‍ കലാസംവിധാനം വരെയുള്ള എല്ലാ മേഖലകളിലേയും പാളിച്ചകള്‍ സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചിത്രം പല ഹോളിവുഡ് സിനിമകളില്‍ നിന്നും കോപ്പിയടിച്ചതാണെന്ന ആരോപണവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകന്‍ പ്രിയദര്‍ശന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറന്നത്. മരക്കാറിന്റെ കഥ സിനിമയാക്കുന്നതിനെക്കുറിച്ച്‌ തന്നോട് ആദ്യം സംസാരിക്കുന്നത് ടി ധാമോദരന്‍ ആയിരുന്നുവെന്നും

25 വര്‍ഷങ്ങള്‍ മുമ്ബ് കാലാപാനിയുടെ ചിത്രീകരണ സമയത്തായിരുന്നു അതെന്നും പ്രിയദര്‍ശന്‍ പറയുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഇതുപോലൊരു സിനിമ ചെയ്യുക സാധ്യമായിരുന്നില്ലെന്നും അതിനാല്‍ മാറ്റി വെക്കുകയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കാലാപാനിയെഴുതിയ ടി ധാമോദരന്‍ ആണ് എന്നോട് ഈ സിനിമയുടെ ആശയത്തെക്കുറിച്ച്‌ സംസാരിക്കുന്നതും അതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതും. അന്ന് കാലാപാനിയിലെ രണ്ട് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. കടലിലെ യുദ്ധവും തിരമാലയുമൊന്നും

ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മാറി. വിഷ്വല്‍ എഫക്‌ട്‌സും ഒരുപാട് പുരോഗമിച്ചു. അതുകൊണ്ട് ഇതാണ് ശരിയായ സമയമെന്ന് തോന്നി. ഇന്ത്യന്‍ സിനിമയില്‍ മുമ്ബ് കടലിലെ യുദ്ധം കണ്ടിട്ടില്ല ആരും. അതില്‍ ഞങ്ങള്‍ വിജയിച്ചുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

അതേസമയം ബാഹുബലി പോലെ ഒരുപാട് സമയവും ബജറ്റുമുള്ള സിനിമയായിരുന്നില്ല മരക്കാറെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മറ്റെന്തിനേക്കാളും എന്റെ ആശങ്ക ബജറ്റായിരുന്നു. ബാഹുബലി പോലെ വലിയൊരു ബജറ്റും ഒരുപാട് സമയവുമുണ്ടായിരുന്നില്ല. ചെറിയൊരു ബജറ്റായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്.

ഞങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. താനും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രിയദര്‍ശന്‍ മനസ് തുറക്കുന്നുണ്ട്. ഞാന്‍ എന്താണ് ഉണ്ടാക്കുന്നത് എന്ന് അവന്‍ ചോദിക്കാറില്ല. അതിനാല്‍ ഒരുപാട് ഉത്തരവാദിത്തം ഞാന്‍ കാണിക്കണം. കഠിനാധ്വാനം ചെയ്ത് ഞാനത് പാലിക്കുകയാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …