Breaking News

‘ജീവനക്കാരായി 20,000 പെണ്‍കുട്ടികള്‍, ഒരു മുറിയില്‍ 12 പേര്‍’; എട്ടു പേര്‍ മരിച്ചു; ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ നടക്കുന്നതെന്ത്?

ഭക്ഷ്യവിഷബാധയേറ്റ് എട്ടു വനിതാ ജീവനക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എട്ടുപേരുടെ മരണവിവരം മറച്ചുവയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിന് പൊലീസിന്റെയും മറ്റ് അധികാരികളുടെയും പിന്തുണയുണ്ടെന്നും സമരം നടത്തുന്ന വനിതാ ജീവനക്കാര്‍ പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവിയോട് പറഞ്ഞു.

ജീവനക്കാരുടെ വാക്കുകള്‍:

”20,000 പെണ്‍കുട്ടികളാണ് ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി 17 ഹോസ്റ്റലുകളാണുള്ളത്. കൊവിഡ് കാലത്തും ഒരു മുറിയില്‍ 12 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ഐഎംഎ എന്നൊരു പുതിയ ഹോസ്റ്റല്‍ കമ്പനി തുറന്നു. ഇവിടെയാണ് മൂന്ന് ദിവസം മുന്‍പ് 150 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ എട്ടു പേര്‍ മരിച്ചു.

എന്നാല്‍ ഇക്കാര്യം മറച്ചുവയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എട്ടു പേരില്‍ നാല് പേര്‍ ഓടി പോയി, നാല് പേര്‍ വീട്ടില്‍ പോയി എന്നാണ് കമ്പനി അധികൃതര്‍ ഞങ്ങളോട് പറയുന്നത്. ഇത് വിശ്വസിക്കാന്‍ പ്രയാസമാണ്. അവരെക്കുറിച്ച് നിങ്ങളൊന്നും നോക്കേണ്ട. ജോലി ചെയ്യാനാണ് ഞങ്ങളോട് നിര്‍ദേശിച്ചത്. കലക്ടറും പൊലീസും അടക്കം സംഭവം ഒതുക്കാനാണ് ശ്രമിക്കുന്നത്.

സ്ഥലത്തെത്തിയ പൊലീസും ഞങ്ങള്‍ക്ക് പറയനുള്ളത് കേള്‍ക്കുന്നില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടിയും അവര്‍ നല്‍കുന്നില്ല.12 മണിക്കൂറായി ഞങ്ങളുടെ പ്രതിഷേധം തുടരുകയാണ്. അത് നീതി ലഭിക്കും വരെ തുടരും.”

അതേസമയം, വനിതാ ജീവനക്കാര്‍ ചെന്നൈ-ബംഗളൂരു ദേശീയ പാത ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധം തുടരുകയാണ്. നീതി ലഭിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. കാഞ്ചിപുരം എസ്പിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …