മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരെന്ന് സംവിധായിക അഞ്ജലി മേനോന്‍. ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിയമം ഇപ്പോഴും മലയാള സിനിമയില്‍ നടപ്പാക്കിയിട്ടില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാത്തതും അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട 2017 മുതല്‍ ഇതുവരെയുള്ള 5 വര്‍ഷത്തിനിടയില്‍ ഒരുമാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു.
പോഷ് ആക്റ്റില്ലാതെ പത്ത് പേര് ഒരു ജോലി സ്ഥലത്ത് ചെയ്യുന്ന എന്ത് കാര്യവും നിയമവിരുദ്ധമാണ്. അങ്ങനെ ഇരിക്കെയാണ് ഒരു സിനിമ മേഖല മുഴുവനും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വളരെ ചുരുക്കം യൂണിറ്റുകളിലാണ് ഒരു ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. അവര്‍ പോലും അത് പുറത്ത് പറയാന്‍ സാധിക്കാത്ത കാര്യമായാണ് നടപ്പിലാക്കുന്നതെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പുതു തലമുറയിലെ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല.
അതിന് പ്രധാന കാരണം മിക്കവര്‍ക്കും ഇതേക്കുറിച്ച് ഒരു അവബോധമില്ല. പോഷ് എന്താണെന്ന് പോലും പലര്‍ക്കും അറിയില്ല. മലയാളത്തില്‍ ഒരുപാട് നടന്‍മാര്‍ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ്. അവരെല്ലാം സ്ത്രീകള്‍ക്ക് സിനിമ സെറ്റില്‍ സുരക്ഷ ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്നും അഞ്ജലി മേനോന്‍ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പുനരന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.