കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വിധി കേട്ടതിനു ശേഷം ദൈവത്തിനു സ്തുതിയെന്നു പ്രതികരിച്ച ബിഷപ് കോടതി മുറിക്കു പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു. കേസില്‍ വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിക്കു സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.
ബാരിക്കേഡുകള്‍ ഉയര്‍ത്തുകയും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്തു വിന്യസിക്കുകയും ചെയ്തിരുന്നു. ബോംബ്, ഡോഗ് സ്ക്വാഡുകളും കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. വിധി കേള്‍ക്കുന്നതിനായി കോട്ടയത്തെ വിചാരണ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാവിലെ തന്നെ എത്തിയിരുന്നു.പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് കോടതിയില്‍ പ്രവേശിച്ചത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചശേഷമാണ് ജീവനക്കാരെയും കോടതിയിലേക്ക് കടത്തിവിട്ടത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.