തണുത്തുറഞ്ഞ നദിയില്‍ മുങ്ങിത്താഴുന്ന കാറിന്റെ മുകളില്‍ കയറിയിരുന്ന് സെല്‍ഫിയെടുക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. രക്ഷാപ്രവര്‍ത്തകര്‍ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. കാറിന്റെ പിറകുവശത്തുള്ള ഗ്ലാസിലാണ് യുവതി കയറി നില്‍ക്കുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന നദിയില്‍ ഐസ് മൂടാത്ത ഒരു ഭാഗത്താണ് കാര്‍ പകുതി മുങ്ങിയ നിലയില്‍ കിടക്കുന്നത്.
കാനഡയിലെ ഒട്ടാവയില്‍ റിഡൗ നദിയിലാണ് കാര്‍ മുങ്ങിപ്പോയത്. തണുത്തുറഞ്ഞ് കിടക്കുന്നതിനാല്‍ കാര്‍ പതിയെ പതിയെയാണ് നദിയിലേക്ക് മുങ്ങിപ്പോയിക്കൊണ്ടിരുന്നത്. പ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരുമെല്ലാം യുവതിയെ രക്ഷിക്കാനായി ഇവിടേക്ക് ഓടി വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയത്താണ് യുവതി സെല്‍ഫിയെടുത്ത് രസിക്കുന്നത്. തീരെ ഭയമില്ലാതെയാണ് യുവതി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്.
കാറിന്റെ ഡ്രൈവര്‍ കൂടിയായിരുന്നു ഈ യുവതി. വെള്ളത്തില്‍ വീണപ്പോഴാണ് ഇവര്‍ കാറിന്റെ വിന്‍ഡോ ഗ്ലാസ് വഴി പിന്‍ഭാഗത്ത് കയറുന്നത്. രക്ഷാപ്രവര്‍ത്തകര്‍ കയറും കയാക്കും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചാണ് യുവതിയെ കരയ്‌ക്ക് എത്തിക്കുന്നത്. പ്രദേശവാസിയായ ലിന്‍ഡ ഡഗ്ലസ് ആണ് ഈ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കു വച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്ബോഴും യുവതി അതീവ ശ്രദ്ധയോടെ സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. യുവതിയെ രക്ഷിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോവുകയും ചെയ്തു.