കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഇളവവ് പ്രഖ്യാപിച്ചതോടെ നിരവധി പ്രമുഖരും ഇത്തവണ ശബരിമല ദർശനത്തിന് എത്തിയിരുന്നു. ബോളിവുഡ് താരമായ അജയ് ദേവ്ഗണ്‍ ആയിരുന്നു ഇത്തവണ ശബരിമല ദർശനത്തിന് എത്തിയ പ്രമുഖരില്‍ ഒരാള്‍. എന്നാല്‍ ഇപ്പോള്‍ ഈ സന്ദർശനത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ പരിഹസിക്കപ്പെടുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജനുവരി 13 നായിരുന്നു അജയ് ദേവ്ഗണ്‍ ശബരിമലയില്‍ ദർശനത്തിന് എത്തിയത്.
രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ അദ്ദേഹം രാവിലെ പതിനൊന്നരയോടെ സന്നിധാനത്ത് എത്തി പതിനെട്ടാം പടി ചവിട്ടിക്കയറി അയ്യപ്പ ദർശനം നടത്തുകയായിരുന്നു. സന്നിധാനത്ത് എത്തിയ അദ്ദേഹം തന്ത്രി മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു. അജയ് ദേവ്ഗണിനെ എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരവാര്യർ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
താരം നിലയ്ക്കലില്‍ നിന്നും ശബരിമലയിലേക്ക് എത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തെ പലരും ഇപ്പോള്‍ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ആളുകൾ കസേരയിലിരുത്തി (ഡോളി) ചുമന്നായിരുന്നു താരത്തെ മല കയറ്റിയത്. ആളുകള്‍ അജയ് ദേവ്ഗണിനെ കസേരയില്‍ ചുമന്ന് കൊണ്ടുപോവുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കനത്ത സുരക്ഷയോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
ആളുകള്‍ ചുമക്കുന്ന കസേരയില്‍ ഇരുന്നുകൊണ്ട് ശബരിമല ദർശനം നടത്തിയതിനെയാണ് പലരും വിമർശിക്കുന്നത്. സ്‌ക്രീനിലെ ശക്തമായ കഥാപാത്രം ചെയ്യുന്ന താരത്തിന് യഥാർത്ഥ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ നടക്കാൻ പോലും കഴിയില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. വളരെ ഭക്തി പൂർവ്വമാണ് അദ്ദേഹം ശബരിമലയില്‍ ദർശനം നടത്തിയത്. എന്നാല്‍ കഴിയാവുന്ന ആരും ശബരിമലയിലെ കാനന പാത ചവിട്ട് തന്നെ അയ്യപ്പ ദർശനത്തിന് എത്തുന്നതാണ് പുണ്യം. എന്നാല്‍ അജയ് ദേവ്ഗമിന് എന്തുകൊണ്ത് അത് സാധിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നു.