Breaking News

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച്ച രാവിലെ 10.15ന്; കേസില്‍ തുറന്ന കോടതിയില്‍ ഇനി വാദം ഉണ്ടാകില്ല, അധികമായി എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ പ്രതിഭാഗത്തിന് നിര്‍ദ്ദേശം; ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് ബാലചന്ദ്ര കുമാറിന്റെ മൊഴി തന്നെ ധാരാളം, കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍; മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റില്‍ വെച്ചും ഗൂഢാലോചന…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി. കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും. പ്രോസിക്യൂഷന്‍ എഴുതി നല്‍കിയ വാദങ്ങള്‍ക്കുള്ള മറുപടി നാളെ രാവിലെ 9.30ന് എഴുതി നല്‍കാന്‍ പ്രതിഭാഗത്തിന് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അത് അങ്ങനെയല്ലെന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍നിന്നു വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള ധാരണ അവിടെയുണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബാലചന്ദ്രന്റെ മൊഴി മാത്രം മതി ഗൂഢാലോചനക്ക് തെളിവ്.

ഈ മൊഴിയെ ശരിവെക്കുന്ന വിധത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്ന കോടതിയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു. ബലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിസ്സാര വൈരുദ്ധ്യങ്ങളുണ്ട്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്നത് അതില്‍നിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എന്‍സൈക്ലോപിഡിയ അല്ല. അതില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്താനാവില്ല.

അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്ബോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. മറ്റൊന്നില്‍ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയില്‍ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം. ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും പിറ്റേന്നുവൈകിട്ടു വരെ അതു നല്‍കിയില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അവരുടെ പെരുമാറ്റത്തില്‍നിന്നു വ്യക്തമാണ്.

അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡിജിപി വാദിച്ചു. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു. ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.

വീട്ടിലെ ഗൂഢാലോചനയ്ക്ക് പുറമെ എംജി റോഡിലെ മേത്തര്‍ ഹോമിലെ മഞ്ജുവാര്യരുടെ ഫ്‌ളാറ്റിലും പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ബൈജു പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇവിടെ വച്ച്‌ പ്രതികള്‍ നടത്തിയത്. 2017 ഡിസംബറിലാണ് ഈ ഫ്‌ളാറ്റില്‍ വച്ച്‌ ഗൂഢാലോചന നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …