പാമ്പ് കടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലമെച്ചപ്പെട്ടതോടെ ആദ്യ പ്രതികരണവുമായി രംഗത്ത്.”എല്ലാവരോടും സ്‌നേഹം. എന്നെ ചേർത്ത് പിടിച്ചതിനുള്ള നന്ദി എങ്ങനെയാണ് പറഞ്ഞുതീർക്കുക” ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മുറിയിൽ കഴിയുന്ന വാവ സുരേഷ് പറയുന്നു. അതേസമയം, ചികിത്സയിലുള്ള വാവ സുരേഷ് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും.
ഓർമ്മശക്തിയും സംസാര ശേഷിയും അദ്ദേഹം പൂർണമായും വീണ്ടെടുത്തു. ഇന്നലെ രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും കുടിച്ചു. സ്വയം നടക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ട്. കടിയേറ്റ കാലിലെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക് മാത്രമാണ് ഇപ്പോൾ നൽകുന്നത്. ”സ്‌നേഹ വലയത്തിലാണ് ഞാനിപ്പോൾ. മന്ത്രി വിഎൻ വാസവനും മെഡിക്കൽ കോളേജിലെ ഓരോ ഡോക്ടറോടുമുള്ള നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ല.
അവരൊക്കെ ഉറങ്ങാതെ, സഹോദരനെപ്പോലെയാണ് എന്നെ പരിചരിച്ചത്. സൂപ്രണ്ട് ഡോ. ടികെ ജയകുമാർ, വകുപ്പ് മേധാവികളായ ഡോ.ജയപ്രകാശ്, ഡോ.സംഗമിത്ര, ഡോ.രതീഷ് കുമാർ, ഡോ.അനുരാജ്, ഡോ.ജേക്കബ് ജോർജ്, ഡോ.പികെ ബാലകൃഷ്ണൻ തുടങ്ങി ഓരോരുത്തർക്കും നഴ്‌സുമാർക്കും അറ്റൻഡർമാർക്കും ഒരായിരം നന്ദി”- വാവ സുരേഷ് നന്ദി അറിയിച്ചു.
ഇതുവരെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത നിരവധിപ്പേർ പ്രാർത്ഥനയും വഴിപാടുമൊക്കെയായി എനിക്ക് പിന്തുണ നൽകി. സുഖവിവരം തിരക്കി ഒരുപാട് പേർ ഡോക്ടർമാരെയും സുഹൃത്തുക്കളേയും വിളിച്ചു. ഇതിൽപ്പരം ഒരു മനുഷ്യജന്മത്തിന് എന്താണ് വേണ്ടത്. സന്തോഷം കൊണ്ട് ഹൃദയം തുളുമ്പുകയാണ്”- വാവ സുരേഷ് പറഞ്ഞു.