മുൻ കാമുകിയും മാതാപിതാക്കളും ചേർന്ന് ആക്രമിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുംബൈയിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. ഗോരഖ് ബച്ഛവ് (31) എന്നയാളാണ് മരിച്ചത്. സംഭവത്തിൽ യുവതിയേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ലോണർ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട ഗോരഖും കല്യാണി സോനാവാനെ(23) യും നേരത്തേ പ്രണയത്തിലായിരുന്നു. പിന്നീട് വേർപിരിഞ്ഞു. ഇതിനു ശേഷം കല്യാണിക്ക് വരുന്ന വിവാഹാലോചനകൾ ഗോരഖ് മുടക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കല്യാണി, അമ്മ നിർമല, അച്ഛൻ ഗോകുൽ സഹോദരന്മാരായ ഹേമന്ദ്, പ്രസാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്ലംബർ ആയി ജോലി ചെയ്തു വരികയായിരുന്നു ഗോരഖ്. വെള്ളിയാഴ്ച്ച കല്യാണിയും മാതാപിതാക്കളും സഹോദരങ്ങളും ഗോരക്ക് ജോലി ചെയ്യുന്ന മാർക്കറ്റിൽ എത്തി. മാതാപിതാക്കൾ ഗോരഖിനെ ഇരുമ്പു വടി ഉപയോഗിച്ച് മർദിച്ചു. നിലത്തു വീണ ഗോരഖിന്റെ മേൽ കല്യാണിയുടെ അമ്മ കത്തുന്ന ദ്രാവകം ഒഴിച്ചു. കല്യാണിയാണ് യുവാവിന്റെ മേൽ തീ കത്തിച്ചതെന്നും ദിയോല പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദിലീപ് ലാൻഡ്ഗേ പറയുന്നു.
സമീപത്തുണ്ടായിരുന്നവരാണ് ഗുരുതരമായി പൊള്ളലേറ്റ ഗോരഖിനെ ആശുപത്രിയിൽ എത്തിക്കുന്നത്. യുവാവിന് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. രണ്ട് ദിവസം ആശുപത്രിയിൽ കിടന്ന ഖോരഗ് ഞായറാഴ്ച്ചയോടെ മരിച്ചു. സംഭവത്തിൽ അറസ്റ്റിലായ യുവതിയേയും കുടുംബാങ്ങളേയും കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.