സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ ബലമായി പിടിച്ചുകൊണ്ടു പോയി മനോരോഗിയാക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഏരുവേശ്ശി വലിയരീക്കാമല സ്വദേശി കുര്യനെയാണ് (54) കുടിയാന്മല സി.ഐ മെല്‍ബിന്‍ ജോസ്, എസ്.ഐ നിബിന്‍ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുര്യന്റെ ഭാര്യ മോളി കുര്യന്‍, വയോധികയുടെ മറ്റ് മക്കളായ സലോമി കല്ലോടി, സീജ ചന്ദനക്കാംപാറ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇളയ മകള്‍ക്ക് സ്വത്ത് നല്‍കിയ വിരോധത്തിലാണ് ഇയാള്‍ അമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് വയോധികയുടെ അഭിഭാഷകയായ മകളും ഇളയ മകളും കുടിയാന്മല പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിയാണ് ഏലിയാമ്മയെ മോചിപ്പിച്ചത്. ഏലിയാമ്മക്ക് മനോരോഗമുണ്ടെന്ന് ചിത്രീകരിച്ച് ആശുപത്രി രേഖയുണ്ടാക്കാനും അത് ഹാജരാക്കി വില്‍പന നടത്തിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യിക്കാനുമായിരുന്നു കുര്യന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഏലിയാമ്മക്ക് നാല് പെണ്‍മക്കളും കുര്യനും ഉള്‍പ്പെടെ അഞ്ച് മക്കളാണുള്ളത്.
മകളുടെ വിവാഹത്തിനായി ഏലിയാമ്മ തന്റെ സ്വത്തില്‍ കുറച്ചുഭാഗം വിറ്റ് പണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. സ്വത്ത് വില്‍പന നടന്നതോടെ കുര്യനും മറ്റുരണ്ട് പെണ്‍മക്കളും അതിനെതിരെ രംഗത്തുവന്നു. എന്നാല്‍ ഇവരുടെ നീക്കത്തിനെതിരെ അഭിഭാഷകയായ മറ്റൊരു മകളും ഇളയ മകളും അമ്മക്കൊപ്പം നിലയുറപ്പിച്ചു. തുടര്‍ന്ന് മകളുടെ വിവാഹം കഴിഞ്ഞതോടെ സ്വത്ത് വില്‍പന റദ്ദാക്കണമെന്ന വാദവുമായി കുര്യനും മറ്റും രംഗത്തുവന്നു.
ഈ ആവശ്യം മാതാവ് തള്ളിക്കളയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ കുര്യന്‍ മറ്റുള്ളവരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം ഏലിയാമ്മയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി മനോരോഗ ചികിത്സ കൂടിയുള്ള കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ മനോരോഗിയാണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്യാനായിരുന്ന പദ്ധതിയാണ് അഭിഭാഷകയായ മകളുടെ അവസരോചിമായ ഇലപെടലില്‍ പൊളിഞ്ഞത്.