തമിഴ്‌നാട്ടിലും കേരളത്തിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്. തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷ്വദീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ കനക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു. വടക്കുകിഴക്കന്‍ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന
ചക്രവാതച്ചുഴിയുടെ സാന്നിധ്യം മൂലം ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 20 ന് സമാനമായ കാലാവസ്ഥ അനുഭവപ്പെടാം. വിദര്‍ഭ, മധ്യപ്രദേശ് ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 18, 19,20 എന്നി തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക്
സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ജമ്മു കശ്മീര്‍, ലഡാക്, ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ മേഖല, മുസഫറാബാദ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്.