കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്.
പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് സ്വദേസി സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്. മീനാട് ക്ഷേത്രത്തിനു സമീപത്തെ കടകളിൽ അഞ്ഞൂറിന്റെ നോട്ടുകൾ മാറുമ്പോഴായിരുന്നു സുനിയുടെ അറസ്റ്റ്. ആദ്യം മീനാട് പാലത്തിനു സമീപം ഒരു കടയിൽ സ്കൂട്ടറിലെത്തിയ സുനി, ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി. ബാക്കിയും വാങ്ങി അടുത്തുള്ള കടയിൽ നിന്നും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി.
ആദ്യം കയറിയ കടയിലെ ഉടമയ്ക്ക് നോട്ടിനെ കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു കടയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു സുനി. പൊലീസും നാട്ടുകാരും എത്തുന്നത് കണ്ട സുനി നോട്ടുകൾ വലിച്ചെറിഞ്ഞ രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പിടിയിലാവുകയായിരുന്നു.