Breaking News

‘കഥാപാത്രങ്ങളെ ലളിതചേച്ചി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്’; അനുസ്മരിച്ച് ജയറാം

സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ ഞെട്ടിച്ച കെപിഎസി ലളിതയുമായുള്ള അഭിനയജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ജയറാം. ഇന്ത്യ കണ്ട ഏറ്റവും കഴിവുള്ള നടിമാരില്‍ ഒരാളായിരുന്നു കെപിഎസി ലളിതയെന്ന് ജയറാം അനുസ്മരിച്ചു. തൊട്ടുമുന്‍പുള്ള നിമിഷത്തില്‍ ചിരിച്ചുകൊണ്ട് നിന്നിരുന്ന കെപിഎസി ലളിത അടുത്ത നിമിഷത്തില്‍ സ്‌ക്രീനില്‍ വൈകാരിക മുഹൂര്‍ത്തങ്ങളെ സ്വാഭാവികമായി അഭിനയിക്കുന്നത് കണ്ട് താന്‍ ഞെട്ടിയിട്ടുണ്ടെന്ന് ജയറാം പറഞ്ഞു.

അഭിനയത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന നടന വിസ്മയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും ജയറാം പറഞ്ഞു. ‘എന്റെ അമ്മയായി സ്‌ക്രീനില്‍ ഏറ്റവുമധികം അഭിനയിച്ചിട്ടുള്ള നടിയാണ് ലളിത ചേച്ചി. ഭരതേട്ടന്റെ കേളി എന്ന ചിത്രത്തില്‍ ലളിത ചേച്ചിയുടെ ചില എക്‌സ്പ്രഷനുകള്‍ ഉണ്ട്. എന്നെ പൊലീസ് സ്റ്റേഷനില്‍ കാണാന്‍ വരുമ്പോള്‍ വിതുമ്പുന്ന സീനുകള്‍ ഒക്കെക്കണ്ടാല്‍ നമ്മള്‍ തകര്‍ന്നുപോകും.

നടന്‍ എന്ന സിനിമയിലൊക്കെ ലളിത ചേച്ചി സത്യത്തില്‍ ജീവിക്കുകയായിരുന്നു. മനസിനക്കരെയില്‍ ലളിത ചേച്ചി കൊണ്ടുവരുന്ന പലഹാരപ്പൊതി പുതുതലമുറ തട്ടിക്കളയുന്ന സീനുണ്ട്. അപ്പോള്‍ ലളിത ചേച്ചി കൊടുക്കുന്ന ഒരു എക്‌സ്പ്രഷനുണ്ട്. ആര് കണ്ടാലും പൊട്ടിക്കരഞ്ഞുപോകും. എന്റെ കുടുംബവുമായി ഒത്തിരി അടുപ്പമുണ്ട് ലളിത ചേച്ചിക്ക്. അശ്വതിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാല്‍ മറുതലയ്ക്കല്‍ എന്നും ലളിത ചേച്ചിയുണ്ടായിട്ടുണ്ട്.

എന്റെ ചെറിയമ്മയുടെ ഒക്കെ മരണവാര്‍ത്ത കേട്ട ഞെട്ടലാണ് എനിക്ക് ഇപ്പോള്‍. ചേച്ചിയുടെ ഭൗതിക ശരീരം മാത്രമേ ഈ ഭൂമിയില്‍ നിന്ന് പോകുന്നുള്ളൂ. ലളിത ചേച്ചി ഉണ്ടായിരുന്നെങ്കില്‍ ഈ റോള്‍ നന്നായി ചെയ്‌തേനെയെന്ന് പുതുതലമുറ എക്കാലവും ഓര്‍ക്കും’. ജയറാം പറഞ്ഞു. ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …