വേനല്‍ കനത്തതോടെ പ്രാദേശിക വളര്‍ത്തുകേന്ദ്രങ്ങളിലെ കോഴി ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. ഇതുമൂലം കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വര്‍ധിച്ചത്. 220 മുതല്‍ 240 വരെയാണ് പൊതുവിപണിയില്‍ കോഴിയിറച്ചി വില. വേനല്‍ക്കാലത്ത് കോഴികള്‍ക്ക് രോഗം വരുന്നത് സാധാരണയായതിനാല്‍ പ്രാദേശികമായ ഫാമുകള്‍ ഉല്‍പ്പാദനം കുറയ്‌ക്കുന്ന സീസണാണിത്.
കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്ബ് നഗരത്തില്‍ കിലോയ്ക്ക് 180 രൂപയായിരുന്നു ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ 230 ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലകളില്‍ 240 വരെയായിട്ടുണ്ട്. ലഗോണ്‍ വില 190 രൂപയും സ്പ്രിങ് ചിക്കന് 210 രൂപയുമായി വര്‍ധിച്ചു. കാടയുടെ വിലയും കൂടിയിട്ടുണ്ട്.
മാത്രമല്ല തീറ്റ വില ചാക്കിന് 1300 രൂപയായിരുന്നത് മൂന്നുമാസം കൊണ്ട് 2170 ആയി വര്‍ധിച്ചു. ഇതോടെ കോഴികള്‍ക്കായി പൂര്‍ണമായും തമിഴ്‌നാട്ടിലെ ഫാമുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തമിഴ്‌നാട്ടിലെ ഫാമുകളാണ് ഇപ്പോള്‍ കോഴിവില തീരുമാനിക്കുന്നത്. ഒരുകിലോ കോഴി 191 രൂപയ്ക്കാണ് വിപണിയിലെത്തുന്നത്. ഇതില്‍നിന്ന് 600–650 ഗ്രാം ഇറച്ചിയാണ് ലഭിക്കുക. ഇന്ധന വില കൂടിയതും വിലക്കയറ്റത്തിന് കാരണമായി.
കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ ആരംഭിച്ചതിനാല്‍ കോഴിവില വര്‍ധന പ്രതിസന്ധിയാകുന്നുണ്ട്. കോഴിയിറച്ചി ഒഴിവാക്കിയുള്ള ഭക്ഷണങ്ങളിലേക്ക് പലരും ചടങ്ങുകള്‍ മാറ്റുന്നുണ്ട്. ഇതോടെ ഇറച്ചി വില്‍പ്പനയിലും കുറവുണ്ടായി. ഒരുകിലോ ഇറച്ചിയ്ക്കുമേല്‍ ഇടനിലക്കാര്‍ക്ക് 15 മുതല്‍ 20 രൂപയുടെ വരുമാനമുണ്ടാവുമ്ബോള്‍ തങ്ങള്‍ക്ക് വലിയ നേട്ടമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.