വീട്ടുകാരറിയാതെ കടലില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവതിക്ക് ആഴിമല ക്ഷേത്ര ഭാരവാഹികളുടെ അവസരോചിതമായ ഇടപെടല്‍ പിന്തിരിപ്പിച്ചു. ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ച ശേഷം യുവതിയെ പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ഇന്നലെ രാവിലെ ഏഴരയോടെ വിഴിഞ്ഞം ആഴിമലയിലാണ് സംഭവം.
വട്ടപ്പാറ സ്വദേശിയായ യുവതിയാണ് കടലില്‍ ചാടാനായി എത്തിയത്. ക്ഷേത്രത്തിന് സമീപത്ത് നിന്ന് അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളിലേക്ക് പോകാനിറങ്ങിയ യുവതി തൊട്ടടുത്ത് കണ്ട ലോട്ടറി കച്ചവടക്കാരനോട് ഫോണ്‍ വിളിക്കാനുള്ള സഹായം തേടി. ഫോണ്സംസാരത്തില് പന്തികേട് തോന്നിയ കച്ചവടക്കാരന് ഉടന്‍ തന്നെ ക്ഷേത്ര സെക്രട്ടറിയെ വിവരമറിയിച്ചു.
ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികള്‍ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിര്‍ത്തി കാര്യമന്വേഷിച്ചു. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് പ്രേമിച്ച് വിവാഹിതയായ യുവതി അഞ്ച് മാസം ഗര്‍ഭിണിയാണെന്നും വീടുവയ്പുമായുള്ള പ്രശ്നമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും സഹായിക്കാനെത്തിയവരെ അറിയിച്ചു.