വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നതുവരെ വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചില്‍ ഉള്‍പ്പെട്ട പാക്കറ്റുകളില്‍ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നുമാണ് നിര്‍ദേശം.
എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ അമൃതംപൊടി നിര്‍മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍, എടയ്ക്കാട്ടുവയലിലെ യൂണിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പ്പെടെയുള്ളവയ്ക്കു
കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയല്‍ യൂണിറ്റില്‍ നിര്‍മിച്ച ബാച്ച് നമ്പര്‍ 98ല്‍ ഉള്‍പ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു. അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY