ആസാമിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കൊല്ലപ്പെട്ടത് പോലീസ് വെടിവെപ്പിൽ. ബിക്കി അലി എന്ന ഇരുപതുകാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിക്ക് നേരെ വെടിയുതിർത്തെന്നാണ് പോലീസിന്റെ വിശദീകരണം. സ്‌കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലാണ് ബിക്കി അലിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
കേസിൽ അലി ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പ്രതികൾ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ പിടിയിലായ ബിക്കി അലി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് ബിക്കി അലിക്ക് വെടിയേറ്റിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. ഗുവാഹത്തി പാൻബസാർ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമിയെയും പരിക്കേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ കാലിലും കൈയിലുമാണ് സാരമായ പരിക്കുകളുള്ളതെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.