തൊടുപുഴ ചീനിക്കുഴിയിലെ കൊലപാതകത്തില്‍ നടുങ്ങി നാട്ടുകാര്‍. മകനെയും കുടുംബത്തെയും പിതാവ് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിതുമ്ബലോടെയല്ലാതെ സമീപവാസികള്‍ക്ക് പ്രതികരിക്കാനാകുന്നില്ല. “പുലര്‍ച്ചെ 12.45 ഓടെയാണ് ചേട്ടായി ഓടി വാ എന്ന് പറഞ്ഞ് പിള്ളേര് ഫോണില്‍ വിളിച്ചത്. കരച്ചിലും കേള്‍ക്കാം. ഞാനവിടെയെത്തുമ്ബോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നു. അത് ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരുന്നു.
അപ്പോഴേക്കും കിടക്ക കത്തി തീപടര്‍ന്നു. അപ്പോഴും ഹമീദ് പെട്രോള്‍ നിറച്ച കുപ്പി വീടിനുള്ളിലേക്കെറിയുകയായിരുന്നു” മരിച്ച ഫൈസലിന്‍റെ അയല്‍വാസി രാഹുല്‍ രാജ് പറയുന്നു. “തീയണക്കാന്‍ വെള്ളമെടുക്കുന്നതിന് പൈപ്പ് തുറന്നപ്പോള്‍ വെള്ളമുണ്ടായിരുന്നില്ല. മോട്ടര്‍ ഓണാക്കാന്‍ ശ്രമിച്ചപ്പോള്‍ കണക്ഷന്‍ അഴിച്ചിട്ടിരുന്നു. എവിടെയും വെള്ളമുണ്ടായിരുന്നില്ല. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടിയിരുന്നു.
എന്‍റെ വീട്ടില്‍ കിടന്ന് വളര്‍ന്ന പിള്ളേരാ… അനിയത്തിമാരെപ്പോലെയാണെനിക്ക്,” രാഹുല്‍ വിങ്ങിപ്പൊട്ടി. രണ്ടുമക്കളെയും കെട്ടിപിടിച്ചു കിടക്കുന്നനിലയിലായിരുന്നു ഫൈസലിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ഹമീദ് രണ്ടാം വിവാഹം കഴിച്ചതിനു പിന്നാലെയാണ് സ്വത്ത് സംബന്ധിച്ച് കുടുംബവഴക്കുണ്ടാകുന്നത്. എനിക്ക് ജീവിക്കാന്‍ വശമില്ല, ജീവിതം മുട്ടിയെന്നായിരുന്നു കൃത്യം നടത്തിയ ശേഷം പ്രതിയുടെ പ്രതികരണമെന്നും നാട്ടുകാര്‍ പറയുന്നു.
ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദ് വീടിന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.