കേരളത്തെ തന്നെ കണ്ണീരണിയിച്ച് പെരുമ്പാവൂരിൽ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും ചർച്ചകളിൽ. തന്റെ കഷ്ടപ്പാടുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും നിത്യചെലവിനായി ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണ് താനെന്നുമാണ് രാജേശ്വരിയുടെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്.
മകൾ മരിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സുമനസ്സുകളും നൽകിയ കോടിക്കണക്കിനു ധനസഹായം ബാങ്കിൽ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതർ അനുവദിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു. സർക്കാർ വീട് വെച്ച് നൽകിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ, തനിക്ക് കിട്ടിയ പൈസയിൽ നിന്നു തന്നെയാണ് വീട് വെച്ചത്.
മകൾ ദീപയ്ക്ക് സർക്കാർ ജോലി നൽകിയെങ്കിലും ദീപ തന്നെ സഹായിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു. മകൾ തന്റെ ഒപ്പം വീട്ടിൽ ഉണ്ടെങ്കിലും തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നാണ് രാജേശ്വരി പറയുന്നത്.
കൈയ്യിൽ ഉണ്ടായിരുന്ന പണമായ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീർ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് വിരട്ടിയതായും രാജേശ്വരി പറയുന്നു. പെരുമ്പാവൂരുള്ള ഷമീറിനേയും റാഫിയേയും കുടുംബത്തേയും താൻ വിശ്വസിച്ചുപോയതാണെന്നണ് ഇവരുടെ വാദം.
തനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെയാണ് അവരെ കണ്ണടച്ച് വിശ്വസിച്ചത്. ഷമീറും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്. എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്.
ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി. സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.
ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകർ സഹായിക്കണമെന്നും രാജേശ്വരി അഭ്യർത്ഥിക്കുകയാണ്.