തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ ലുലുമാളും, അമ്പാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു.
പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവക്ക് പണിമുടക്കില്‍ ഇളവുണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം
ലുലു മാള്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. അതേസമയം, ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തകമുതലാളിമാര്‍ക്ക് അടിയറവ് വെക്കില്ലെന്നും ചൊവാഴ്ച ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.