ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌പൈസ് ജെറ്റിന്റെ 90 പൈലറ്റുമാരെ സിവില്‍ വ്യോമയാന മന്ത്രാലയം വിലക്കിയത്.
ഈ വിമാനങ്ങള്‍ പറത്താന്‍ ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ബോയിംഗ് സ്ഥാപിച്ച പരിശീലന കേന്ദ്രത്തില്‍ പിഴവു കണ്ടെത്തിയിരുന്നു. ഇവര്‍ വീണ്ടും പരിശീലനം നേടണം. അതേസമയം ആവശ്യത്തിന് പൈലറ്റുമാര്‍ ലഭ്യമായതിനാല്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് തടസപ്പെടില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.
ഇന്തോനേഷ്യ, എത്യോപ്യ അപകടങ്ങളെ തുടര്‍ന്ന് ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടുവര്‍ഷത്തോളം നീണ്ട വിലക്ക് 2021 ആഗസ്റ്റിലാണ് പിന്‍വലിച്ചത്. ഇന്ത്യയില്‍ സ്പൈസ് ജെറ്റ് മാത്രമെ ഈ വിമാനം ഉപയോഗിക്കുന്നുള്ളൂ. തങ്ങളുടെ 11 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ പറത്താന്‍ കൂടുതല്‍ പൈലറ്റുമാര്‍ ലഭ്യമാണെന്ന് കമ്ബനി അറിയിച്ചു.
വിലക്ക് ലഭിച്ച 90 പൈലറ്റുമാര്‍ക്ക് മറ്റു വിമാനങ്ങള്‍ പറത്താന്‍ തടസമില്ല. അതേസമയം നോയിഡയിലെ പരിശീലന കേന്ദ്രത്തിലെ സിമുലേറ്റര്‍ സംവിധാനത്തില്‍ കണ്ടെത്തിയ പിഴവ് ഉടന്‍ പരിഹരിക്കുമെന്ന് ബോയിംഗ് കമ്ബനി അറിയിച്ചു.