ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്‍സ്‌പെക്‌റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) അടിയന്തര ഉപയോഗ അനുമതി നല്‍കി.
ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍
സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് എടുക്കുമെന്നും എഫ്ഡിഎ വിശദീകരിച്ചു. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ഈ ഉപകരണത്തെ എഫ്ഡിഎയുടെ സെന്റര്‍ ഫോര്‍ ഡിവൈസസ് ആന്‍ഡ് റേഡിയോളജികല്‍ ഹെല്‍തിന്റെ ഡയറക്ടര്‍ ഡോ. ജെഫ് ഷൂറന്‍ വിശേഷിപ്പിച്ചത്.
പോസിറ്റീവ് ടെസ്റ്റ് സാംപിളുകള്‍ തിരിച്ചറിയുന്നതില്‍ ഉപകരണം 91.2% വും നെഗറ്റീവ് ടെസ്റ്റ് സാംപിളുകള്‍ തിരിച്ചറിയുന്നതില്‍ 99.3% വും കൃത്യതയുണ്ടെന്ന് എഫ്ഡിഎ വ്യക്തമാക്കി. ആഴ്ചയില്‍ ഏകദേശം 100 ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ ഓരോന്നും പ്രതിദിനം ഏകദേശം 160 സാംപിളുകളുടെ പരിശോധനയ്ക്ക് ഉപയോഗിക്കാം.