കെ-റെയില്‍ കടന്നു പോകാനിടയുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരമുള്ള വീട് നിഷേധിച്ച് പഞ്ചായത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശി സാവിത്രിക്ക് പി.എം.എ.വൈ പദ്ധതി പ്രകാരം വീട് പാസായെങ്കിലും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഒന്നാംപാലം പ്രദേശത്താണ് കീരിത്തറപ്പടി സാവിത്രിയുടെ വീട്.
മഴ പെയ്താല്‍ വെള്ളം കയറുന്ന ചതുപ്പുനിലത്തെ കൊച്ചു വീട് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മക്കളും പേരമക്കളുമടക്കം 11 പേരാണ് ഈ വീട്ടില്‍ സുരക്ഷിതമല്ലാതെ കഴിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം സാവിത്രിക്ക് വീട് പാസായെങ്കിലും കെ- റെയില്‍ കടന്നു പോകാനിടയുള്ളതിനാല്‍ പഞ്ചായത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്.
വീട് ലഭിക്കാനാവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിച്ച ശേഷമാണ് സാവിത്രിക്ക് വീട് നല്‍കാനാവില്ലെന്ന് പഞ്ചായത്ത് നിലപാടെടുത്തത്. കെ-റെയില്‍ കടന്നു പോകാനിടയുള്ള പ്രദേശമായതിനാലാണ് അപേക്ഷ മാറ്റിവെച്ചതെന്ന് വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു.