മംഗലപുരത്ത് കെ. റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഷെബീറിനെതിരെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
സംഭവത്തെ കുറിച്ച് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്.പിയുടെ നിര്‍ദേശം. മംഗലപുരം കരിച്ചാറയില്‍ കെ. റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സമരക്കാരനെ പൊലീസുകാന്‍ ബൂട്ടിട്ട് ചവിട്ടിയത്. കെ. റെയില്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി പൊലീസ് എത്തിയതോടെ സമരക്കാരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകനെ പൊലീസുകാരന്‍ ചവിട്ടി തള്ളിയിട്ടത്.
യാതൊരു പ്രകോപനവുമില്ലാതെ പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടിയതിന്‍റെ ദൃശ്യങ്ങള്‍ ന്യൂസ് ചാനലുകള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ താല്‍കാലത്തേക്ക് നിര്‍ത്തിവെച്ച ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാതെ മടങ്ങി.