കണിയാപുരം കരിച്ചാറയില്‍ കെ-റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് മുമ്ബും നിരവധി തവണ ശിക്ഷാനടപടികള്‍ക്ക് വിധേയനായ ആളാണെന്ന് റിപ്പോര്‍ട്ട്. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എ. ഷെബീറിന് സര്‍വീസില്‍ അഞ്ച് തവണ സസ്പെന്ഷന് ലഭിച്ചതായാണ് വിവരം. 2011 സെപ്റ്റംബര്‍ 25ന് കേബിള്‍ കണക്ഷന്റെ വാടക ചോദിച്ചെത്തിയ വയോധികനെ കൈയേറ്റം ചെയ്യുകയും ഇരുചക്രവാഹനം മറിച്ചിടുകയും ചെയ്ത സംഭവത്തില്‍ തുമ്ബ പൊലീസ് ഷെബീറിനെതിരെ കേസെടുത്തിരുന്നു. ഇതേ വര്‍ഷം തന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് രമേശന് എന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു.
മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ജോലി ചെയ്യവെ അഭിഭാഷകനെ മര്‍ദിച്ച പരാതിയിലും പ്രതിയായി. കൂടാതെ, കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷം അച്ചടക്ക നടപടി നേരിട്ടിരുന്നു. 2019 ജൂണ്‍ ഏഴിന് രാത്രി അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുന്നതിനിടെ കഴക്കൂട്ടം പൊലീസ് ഷെബീറിന് തടഞ്ഞ് പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അസിസ്റ്റന്റ് കമീഷണറുടെ യൂണിഫോമില്‍ ഷെബീര്‍ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് വലിയ വിവാദമായിരുന്നു. അഞ്ച് വിഷയങ്ങളും സസ്പെന്‍ഷനിലാണ് കലാശിച്ചത്.
വ്യാഴാഴ്ചയാണ് കണിയാപുരം കരിച്ചാറയില്‍ കെ റെയില്‍ പ്രതിഷേധക്കാരെ ഷെബീര്‍ ബൂട്ടിട്ട് ചവിട്ടിയത്. ഉന്നത ഉദ്യോഗസ്ഥര്‍ വിലക്കിയിട്ടും മര്‍ദനം തുടരുകയായിരുന്നു. പൊലീസുകാരന്റെ നടപടി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. തുടര്‍ന്ന് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥിന്റെ നിര്‍ദേശ പ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഷെബീറിന്റേത് ശരിയായ നടപടിയായിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അമിത ബലപ്രയോഗം കാണിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പൊലീസുകാരന്റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.