വാങ്ങിച്ച് ഒരാഴ്ചക്കുള്ളിൽ കേടായ ഓലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ കഴുതയെ കൊണ്ട് വലിപ്പിച്ച് മഹാരാഷ്ട്ര സ്വദേശിയുടെ പ്രതിഷേധം. സ്‌കൂട്ടർ നിർമാതാക്കളായ ഓലയെ നിരവധി തവണ സമീപിച്ചിട്ടും കാര്യമില്ലാതെ വന്നപ്പോൾ മെക്കാനിക്കിനെയും സമീപിച്ചു. എന്നാൽ ഇയാളും കൈമലർത്തിയതോടെ കലിപൂണ്ട വാഹന ഉടമ സ്‌കൂട്ടർ കഴുതയെ കൊണ്ട് തെരുവിലൂടെ കെട്ടിവലിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിന്റെ പ്രതിഷേധം വൈറലായത്. വാങ്ങിച്ച് ആറ് ദിവസമായപ്പോഴേക്കും സ്‌കൂട്ടർ പ്രവർത്തിക്കാതെ ആയെന്നും നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷം ഓലയിൽ നിന്നും ഒരു മെക്കാനിക്ക് വന്ന് സ്‌കൂട്ടർ പരിശോധിച്ച ശേഷം മടങ്ങിപ്പോയെന്നും സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മെക്കാനിക്ക് വന്ന് പരിശോധിച്ച് മടങ്ങിയതല്ലാതെ സ്‌കൂട്ടറിന്റെ തകരാർ പരിഹരിക്കപ്പെട്ടില്ലെന്നും ഓലയുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടെങ്കിലും അവർക്ക് പോലും ഒരു പോംവഴി കണ്ടെത്താൻ സാധിച്ചില്ലെന്നും സച്ചിൻ ആരോപിച്ച് രംഗത്തെത്തി. ഓല കമ്പനിയുടെ ഇത്തരത്തിലുള്ള നടപടിക്കെതിരായ പ്രതിഷേധമായിട്ടാണ് താൻ കഴിതയെകൊണ്ട് സ്‌കൂട്ടർ കെട്ടിവലിക്കുന്നതെന്ന് സച്ചിൻ വ്യക്തമാക്കി. ഓല നിങ്ങളെ വിഡ്ഢികളാക്കാതെ സൂക്ഷിക്കുക എന്ന പോസ്റ്ററും ഇയാൾ സ്‌കൂട്ടറിന് മുകളിലായി എഴുതി ഒട്ടിക്കുകയും ചെയ്തു.