ഒടുവില്‍ നാട്ടുകാരും കച്ചവടക്കാരും പറഞ്ഞതുതന്നെ സംഭവിച്ചു. നാട്ടുകാരുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കൊടുത്ത് സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ചെയ്ത ഓവുചാല്‍ നിര്‍മാണം പാളി. ബുധനാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ കന്നൂർ അങ്ങാടിയില്‍ വെള്ളം കയറി. റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതോടെ കടകളില്‍ ഏതുനിമിഷവും വെള്ളം കയറുമെന്ന ഭീതിയിലായിരുന്നു കച്ചവടക്കാര്‍. ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പരാതികള്‍ പറഞ്ഞ് ഗതികെട്ട നാട്ടുകാര്‍ ബുധനാഴ്ച റോഡിലെ വെള്ളക്കെട്ടില്‍ കിടന്നും വാഹനങ്ങള്‍ തടഞ്ഞും പ്രതിഷേധിച്ചതോടെ കരാര്‍ കമ്ബനിയുടെ അടിയന്തര ഇടപെടലുണ്ടായി. കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മാണം കന്നൂര് അങ്ങാടിയില്‍ പലസ്ഥലങ്ങളിലും പൂര്‍ത്തീകരിച്ചിട്ടില്ല.
മാത്രവുമല്ല, ചിലഭാഗങ്ങളില്‍ പൂര്‍ണമായും ഒഴുകിപ്പോകാനുള്ള ചരിവ് ഇല്ലെന്നും പരാതിയുണ്ട്. ചിറ്റാരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താകട്ടെ കലുങ്ക് നിര്‍മിച്ചിട്ടുമില്ല. ചിലയിടങ്ങളില്‍ ഓവുചാലിനുള്ളിലെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്യാതെയാണ് സ്ലാബിട്ട് മൂടിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നിര്‍മാണ കമ്ബനിയുടെ വാഹനത്തിനു മുന്നിലും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. ഇതേതുടര്‍ന്ന് രാവിലെ ഏഴുമണിയോടെ തന്നെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിക്കുകയും ചെയ്തു.