രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ.
52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ. അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡാണ് ഇരുവരും മറികടന്നത്.
മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം.