സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം തോല്‍വി. കരുത്തരായ മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം തോറ്റത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ കേരളത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
68 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 114 റണ്‍സാണ് റുതാരാജ് സ്വന്തമാക്കിയത്. പവന്‍ ഷാ 31 റണ്‍സെടുത്തു. മറ്റാര്‍ക്കും മഹാരാഷ്ട്രക്കായി തിളങ്ങിയില്ല. ഓപ്പണിംഗ് വിക്കറ്റില്‍ പവന്‍ ഷാ-റുതുരാജ് സഖ്യം 84 റണ്‍സടിച്ചു. എന്നാല്‍ ഒരറ്റത്ത് റുതുരാജ് തകര്‍ത്തടിച്ചതോടെ മഹാരാഷ്ട്ര മാന്യമായ സ്‌കോര്‍ ഉറപ്പാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം തോല്‍വി. കേരളത്തിനായി സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റുമായി തിളങ്ങി. നാല് ഒ്ാവറില്‍ വെറും 18 റണ്‍സ് വഴങ്ങിയാണ് സിജുമോന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ രോഹന്‍ കുന്നുമേല്‍(44 പന്തില്‍ 58)തകര്‍ത്തടിച്ചെങ്കിലും കൂടെ നില്‍ക്കാന്‍ ആരുമുണ്ടായില്ല. വിഷ്ണു വിനോദ്(10), സിജോമോന്‍ ജോസഫ്(18) എന്നിവര്‍ മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(7 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ സച്ചിന്‍ ബേബി(4), മുഹമ്മദ് അസറുദ്ദീന്‍(5), ഷോണ്‍ റോജര്‍(3), അബദുള്‍ ബാസിത്(5) എന്നിവരെല്ലാം പെട്ടെന്ന് കൂടാരം കയറി.
മഹാരാഷ്ട്രക്കായി വിക്കി ഓട്സ്വാള്‍ മൂന്നും അസീം കാസി രണ്ടും വിക്കറ്റെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ മേഘാലയക്കെതിരെ ആണ് കേരളത്തിന്റെ അവസാന മത്സരം. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കേരളം.