സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഓടിടി പ്ലാറ്റ്ഫോം ആയ യെസ്മയ്ക്കെതിരെ രംഗത്ത് വന്നത്.
അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉന്നയിക്കുന്നത്. യുവതി അഭിനയിച്ച ചിത്രം അടുത്തിടെ എസ്മ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്ത് വന്നിരുന്നു.
എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് തന്നെ കെണിയില്‍പ്പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയലല്ലെന്ന് തിരിച്ചറിയുന്നത്. എഴുതാനും വായിക്കാനും അറിയാത്ത തന്നെകൊണ്ട് ഒരു കരാറില്‍ ഒപ്പു വെപ്പിച്ചെന്നും എന്താണ് കരാറിലെന്ന് മനസിലാക്കാതെയാണ് എല്ലാം ഒപ്പിട്ടതെന്നും യുവതി പറയുന്നു.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ തന്നെ സംവിധായകയും അണിയറപ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാംര തന്നിട്ടേ തിരിച്ച് പോകാനാവൂ എന്ന് പറഞ്ഞു. ഒടുവിൽ ഭീഷണിക്ക് വഴങ്ങിയാണ് അശ്ലീല സിനിമയില്‍ അഭിനയിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു.
മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. ചിത്രം പറത്ത് വന്നപ്പോഴാണ് ചതി മനസിലായത്- യുവതി പറഞ്ഞു. അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായെന്നും രണ്ടു വയസ്സുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍റുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് ഇപ്പോള്‍ കഴിയുന്നതെന്ന് യുവതി പറഞ്ഞു.
ഭര്‍ത്താവിനും സ്വന്തം നാട്ടിലേയ്ക്കു പോകാനാവാത്ത സാഹചര്യമായി. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരം സൈബർ സെൽ പൊലീസിൽ പരാതി നൽകിയപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പരാതിക്കാരിയായ തന്നെ മുന്നിലിരുത്തി വിഡിയോ പച്ചയ്ക്കിരുന്നു പൊലീസ് കണ്ടെന്നും യുവതി ആരോപിച്ചു.