മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന പിതാവിന് ഗുരുതര രോഗം കണ്ടെത്തി. ചൈനയിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകളെ കടിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ഞണ്ടിനെ ജീവനോടെ തിന്നത്. ഇതിനു ശേഷം ഇയാളുടെ നെഞ്ച്, ഉദരം, കരള്‍, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന അണുബാധ കണ്ടെത്തുകയായിരുന്നു. കിഴക്കന്‍ ചൈനയിലെ സെജിയാങ്ങില്‍ നിന്നുള്ള ലു എന്നയാളെയാണ് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പറയുന്നു.
ഞണ്ടിനെ ഭക്ഷിച്ച് രണ്ട് മാസത്തിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. കഠിനമായ പുറംവേദനയെ തുടര്‍ന്നാണ് ലൂവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ആദ്യഘട്ടത്തില്‍ ഞണ്ടിനെ ജീവനോടെ കഴിച്ച കാര്യം ലൂ ഡോക്ടര്‍മാരോട് തുറന്നു പറഞ്ഞിരുന്നില്ല. അസ്വാഭാവികമായി എന്തെങ്കിലും കഴിച്ചിരുന്നോ എന്ന് ഇയാളോട് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ലെന്ന മറുപടിയായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. ഒടുവില്‍ ഭാര്യയാണ് രണ്ട് മാസം മുമ്ബ് ഞണ്ടിനെ ജീവനോടെ കഴിച്ചെന്ന വിവരം ഡോക്ടര്‍മാരോട് വെളിപ്പെടുത്തുന്നത്.
മകളെ വേദനിപ്പിച്ചതിനെ തുടര്‍ന്ന് കഠിനമായി ദേഷ്യം തോന്നുകയും ഞണ്ടിനെ ജീവനോടെ വിഴുങ്ങുകയും ചെയ്യുകയായിരുന്നു ഇയാള്‍. ഞണ്ടിന്റെ ശരീരത്തില്‍ നിന്നും മൂന്ന് തരം പരാന്നഭോജികളാണ് ലൂവിന്റെ ശരീരത്തില്‍ കയറിയത്. തുടര്‍ന്ന് രണ്ടിലധികം ആന്തരാവയവങ്ങള്‍ക്ക് അണുബാധയേല്‍ക്കുകയും ചെയ്തു. കൃത്യമായ ചികിത്സ നല്‍കാനായതിനെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.