കൊല്‍ക്കത്തയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിനാലുകാരനാണ് വെള്ളിയാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്നറിയപ്പെടുന്ന നെക്രോടൈസിംഗ് ഫാസിയൈറ്റിസ്യുടെ സന്നിധ്യം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ചര്‍മ്മത്തിലും അതിനു താഴെയുള്ള ടിഷ്യൂകളിലും ഉണ്ടാകുന്ന അപൂര്‍വ അണുബാധയാണ് നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന് വിളിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. രോഗനിര്‍ണയം നടത്തി വേഗത്തില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ ഈ അസുഖം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൃണ്‍മോയ് റോയ് എന്നയാളാണ് അപൂര്‍വ അണുബാധ ബാധിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് കൊല്‍ക്കത്തയിലെ മാദ്യമഗ്രാമം സ്വദേശിയായ മൃണ്‍മോയ് റോയ് ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയിരുന്നു. ട്രെയിനില്‍ നിന്ന് വീണ് ഇടുപ്പിന്റെ താഴെയായി ഇരുമ്ബ് ദണ്ഡ് കുത്തിക്കയറിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിക്കേറ്റ മൃണ്‍മോയിയെ സ്ഥലത്തെ നഴ്സിങ് ഹോമില്‍ ഒരാഴ്ച്ച ചികിത്സിച്ചിരുന്നു. ഇതിനു ശേഷം ഒക്ടോബര്‍ 23ന് ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ രോഗിക്ക് കടുത്ത ശ്വാസതടസ്സവും ശരീരത്തില്‍ വിഷാംശവും ഉള്ള നിലയിലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജിലെ സര്‍ജറി പ്രൊഫസറായ ഹിമാന്‍ഷു റോയ് പറയുന്നു. ഉടന്‍ തന്നെ സര്‍ജറി ഐസിയുവിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ ആരംഭിച്ചു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രോഗിയുടെ ശരീരത്തില്‍ നെക്രോടൈസിംഗ് ഫാസിയൈറ്റിസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണപ്പോഴുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കയറിയതായാണ് സംശയിക്കുന്നത്. ഇടുപ്പിന് താഴേയും ജനനേന്ദ്രിയത്തിലും അണുബാധ വ്യാപിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ രോഗിയില്‍ അണുബാധ ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീവ്രത കൂടിയ ആന്‍റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നല്‍കിയെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല.