ഗുവാഹട്ടി: അസമിൽ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1,800 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 1,800 ലധികം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്തുടനീളം പൊലീസ് നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 4,004 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊലീസ് അറസ്റ്റ് നടപടികൾ ആരംഭിച്ചത്.
സംസ്ഥാനത്ത് മാതൃ-ശിശു മരണനിരക്ക് ഉയരാൻ കാരണം ശൈശവ വിവാഹങ്ങളാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അസമിലെ 31% വിവാഹങ്ങളും ശൈശവ വിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനമെടുത്തത്.