ഗാസിയാബാദ്: ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഉത്തർപ്രദേശ് പൊലീസ്.
പൊലീസിന് വിവരം നല്കിയത് ഫേസ്‍ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃ കമ്പനിയായ മെറ്റയുടെ ആസ്ഥാനത്ത് നിന്ന്.
ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ഉടൻ അറിയിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ യുപി പോലീസ് മെറ്റയോട് പറഞ്ഞിരുന്നു. കനൗജ് സ്വദേശിയായ അഭയ് ശുക്ല (23) ആണ് ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട മെറ്റ ആസ്ഥാനത്ത് നിന്ന് ഉത്തർപ്രദേശ് പോലീസ് വകുപ്പിന്‍റെ സോഷ്യൽ മീഡിയ സെന്‍ററിലേക്ക് ഇമെയിൽ വഴി ഒരു മുന്നറിയിപ്പ് അയച്ചു. ശുക്ലയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിലിൽ ഉണ്ടായിരുന്നു. നഗരത്തിൽ ഫോണിന്‍റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ ശേഷം സോഷ്യൽ മീഡിയ സെന്‍റർ ഗാസിയാബാദ് പോലീസ് കമ്മീഷണറേറ്റിന് കൈമാറി. അവിടെ നിന്ന് സന്ദേശം ഉടൻ തന്നെ വിജയ് നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.