ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം പൊതു പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. അതിന് ശേഷമായിരിക്കും കായിക ക്ഷമതയും വൈദ്യ പരിശോധനയും നടത്തുന്നത്. നിലവിലെ രീതി പ്രകാരം പ്രവേശന പരീക്ഷ അവസാനമായിരുന്നു നടത്താറുണ്ടായിരുന്നത്.
റിക്രൂട്ട്മെന്‍റ് നടത്തുന്നതിനുള്ള ചെലവ് കുറക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വെള്ളിയാഴ്ച്ചയാണ് പുറപ്പെടുവിച്ചത്.
ആദ്യ ബാച്ച് അഗ്നിവീറുകളുടെ പരിശീലനം 2022 ഡിസംബറിൽ തുടങ്ങുമെന്നും സേവനം 2023 പകുതിയോടെ ആരംഭിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജൂണിൽ അറിയിച്ചിരുന്നു.