ന്യൂഡല്‍ഹി: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ധനസഹായം തേടി. ഉച്ചകോടിക്ക് തയ്യാറെടുക്കാൻ ഡൽഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു.
ജി -20 ഉച്ചകോടി ഡൽഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഡൽഹി സർക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാൽ ജി 20 ആതിഥേയത്വം വഹിക്കുന്നതിന് അധിക ഫണ്ട് വേണമെന്നാണ് ആവശ്യം. സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി നഗരം മനോഹരമാക്കാനുള്ള ശ്രമത്തിലാണ്.