ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ ജയിലിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തിരിക്കുന്ന തടവുകാർക്കും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും ഈ തീരുമാനം ബാധകമല്ലെന്നാണ് റിപ്പോർട്ട്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനിലെ തടങ്കലിൽ നിരവധി പേരെയാണ് അടച്ചിട്ടിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇറാൻ നാല് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ശിക്ഷ ഇളവ് ചെയ്യില്ലെന്ന് ഇറാൻ അറിയിച്ചു.
മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ സെപ്തംബറോടെ ഇറാനിൽ വലിയ തോതിലുള്ള പ്രതിഷേധം ആരംഭിച്ചിരുന്നു. ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ മത പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ അമിനി പിന്നീട് മരിച്ചു. പ്രതിഷേധത്തെ പിന്തുണച്ച് പല മേഖലകളിൽ നിന്നുമുള്ള ഇറാന്‍ ജനത രംഗത്തെത്തിയിരുന്നു. 1979 ലെ വിപ്ലവത്തിനുശേഷം, പ്രതിഷേധത്തെത്തുടർന്ന് ഇസ്ലാമിക രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്താൻ ഇറാൻ സർക്കാർ നിർബന്ധിതരായിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് 20,000 ത്തിലധികം പേരെ ഇറാനിൽ ജയിലിലടച്ചതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
സേനയെ ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇതിൽ 70 പേർ പ്രായപൂർത്തിയാകാത്തവരാണ്. ശത്രുരാജ്യങ്ങളുടെ പ്രബോധനത്തില്‍ വഴിതെറ്റിയ യുവതലമുറയ്ക്ക് തെറ്റുപറ്റിയെന്ന് നിയമ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാന്‍റെ കടുത്ത എതിരാളികളും അവരുടെ സഖ്യകക്ഷികളും ആസൂത്രണം ചെയ്ത കലാപമാണ് പ്രതിഷേധ പരമ്പരയെന്ന് അയത്തൊള്ള ഖമേനി നേരത്തെ വിശേഷിപ്പിച്ചിരുന്നു. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്തുന്നതിനെതിരെ ബ്രിട്ടനും അമേരിക്കയും ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു.