ന്യൂഡല്‍ഹി: കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പന വർദ്ധിച്ചതോടെ ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14% ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫിഡ) അറിയിച്ചു. 18.27 ലക്ഷം വാഹനങ്ങളാണ് ജനുവരിയിൽ വിറ്റഴിച്ചത്. 2022 ജനുവരിയിൽ വിൽപ്പന 16.08 ലക്ഷമായിരുന്നു.
കഴിഞ്ഞ മാസം കാറുകളുടെ രജിസ്ട്രേഷൻ 22% വർധിച്ച് 3.40 ലക്ഷമായി. ഇരുചക്ര വാഹന വിൽപ്പന 10% ഉയർന്ന് 12.65 ലക്ഷവുമായി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 59% ഉയർന്ന് 65,796 എണ്ണമായി. വാണിജ്യ വാഹന രജിസ്ട്രേഷൻ ജനുവരിയിൽ 16% ഉയർന്ന് 82,428 യൂണിറ്റായപ്പോൾ ട്രാക്ടർ വിൽപ്പന 8% ഉയർന്ന് 73,156 യൂണിറ്റായി.
മുൻ വർഷത്തെ അപേക്ഷിച്ച് 2023 ജനുവരിയിൽ മൊത്തം വിൽപ്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും കോവിഡിന് മുമ്പുള്ള 2020 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ എട്ട് ശതമാനം കുറഞ്ഞതായി അസോസിയേഷൻ പ്രസിഡന്‍റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.