കൊവിഡ് വൈറസിനെ പിടികൂടി ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടര്‍ വികസിപ്പിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. വൈറസിന്റെ വ്യാപനം കുറക്കുവാന്‍ സഹായിക്കുന്നതാണ് പുതിയ
കണ്ടുപിടിത്തമെന്ന് മെറ്റീരിയല്‍സ് ടുഡെ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിലും വിമാനങ്ങളിലും വൈറസ് വ്യാപനം തടയാന്‍ പുതിയ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പുതുതായി വികസിപ്പിച്ച ഉപകരണം 99.8 ശതമാനം സാര്‍സ് കോവ് -2 വൈറസിനെയും ഇല്ലാതാക്കിയതായാണ് പഠനം പറയുന്നത്. നിക്കല്‍ ഫോം 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് എയര്‍ ഫില്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്.
വിമാനത്തവാളങ്ങളിലും വിമാനങ്ങളിലും ഓഫീസുകളിലും കപ്പലുകളിലും തുടങ്ങി അടച്ചിടുന്ന ഏത് സ്ഥലത്തും കൊവിഡ് വ്യാപനം തടയാന്‍ ഈ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഷിഫെങ് റെന്‍ പറഞ്ഞു.
ഓഫീസുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡെസ്‌ക്ടോപ് എയര്‍ ഫില്‍ട്ടറുകള്‍ നിര്‍മിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നതായി റെന്‍ പറഞ്ഞു. വൈറസ് മൂന്ന് മണിക്കൂര്‍ വരെ
വായുവില്‍ നില്‍ക്കുമെന്നതിനാല്‍ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ഇവയെ തുരത്തുകയെന്നത് നല്ല ആശയമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ആന്ത്രാക്‌സിന് കാരണമാകുന്ന മാരക ബാക്ടീരിയയായ ബസിലസ് അന്ത്രാസിസിനെ ഫില്‍ട്ടറിലൂടെ കടത്തിവിട്ടപ്പോള്‍ 99.9 ശതമാനവും ഇല്ലാതായെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നിക്കല്‍ ഫോമിന് കുറഞ്ഞ പ്രതിരോധശക്തി മാത്രമാണുള്ളത്.
അതിനാല്‍ വൈറസിനെ പെട്ടെന്ന് തന്നെ കൊല്ലുന്നതിനുമാത്രം താപനില ഉയര്‍ത്തുന്നത് വെല്ലുവിളിയിയാരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.